Tuesday, May 29, 2007

ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞത്

പ്രിയമുള്ളവരേ,

ബ്ലോഗ് ഡൈജസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന ഏതാനും വസ്തുതകള്‍ മുന്‍പത്തെ പോസ്റ്റില്‍ പ്രതിപാദിക്കുകയുണ്ടായി. തുടര്‍ന്ന് നമ്മള്‍ക്കിടയില്‍ നിന്ന് ലഭിച്ച വിലപ്പെട്ട പ്രതികരണങ്ങളെ പഠനവിധേയമാക്കി തീരുമാനിച്ച ചില കാര്യങ്ങള്‍ നാമേവരുടെയും അറിവിലേക്കായി ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.

1. മലയാളത്തില്‍ ബ്ലോഗ് എഴുതുന്നവരുടെ സൃഷ്ടികള്‍ മാസം തോറും അച്ചടിച്ച് പുറത്തിറക്കുക. ഈ പ്രസിദ്ധീകരണം മറ്റേത് മലയാളം പ്രസിദ്ധീകരണത്തോടും കിടപിടിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാവണം ലക്ഷ്യം.

2. മാസികയുടെ ടൈപ്പ് സെറ്റിംഗ്, ലേയൌട്ട്, പ്രൂഫ് റീഡിംഗ്, പ്രിന്റിംഗ് എന്നീ ജോലികള്‍ ഇക്കാസിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ ചെയ്യാന്‍ തീരുമാനമായി.

3. മാസിക വായനക്കാരിലെത്തിക്കുക എന്ന കീറാമുട്ടി മോബ്‌ചാനല്‍ കൈകാര്യം ചെയ്യും. മോബ് ചാനല്‍ ഡോട് കോം ജൂണ്‍ അഞ്ചു മുതല്‍ കൊച്ചിയില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

4. ആദ്യലക്കം മാസിക പുറത്തിറക്കുന്നതിനുള്ള ചെലവ് മോബ് ചാനല്‍ വഹിക്കും. പിന്നീടുള്ള ലക്കങ്ങളുടെ പ്രസിദ്ധീകരണത്തില്‍ ചെലവ് വഹിക്കാന്‍ തയ്യാറാവുന്ന ആര്‍ക്കും പങ്കാളികളാകാവുന്നതാണ്.

5. മാസികയുടെ വാര്‍ഷിക വരിസംഖ്യ ഇന്ത്യയില്‍ 200നും 300നും ഇടയിലുള്ള ഒരു തുകയായിരിക്കും. (വിവിധ രാജ്യങ്ങളിലേക്കുള്ള പോസ്റ്റല്‍ ചിലവും മറ്റും പരിശോധിച്ചു വരുന്നു. തപാല്‍ ചിലവിലെ വ്യത്യാസമനുസരിച്ച് വിവിധ രാജ്യങ്ങളിലേക്കുള്ള നിരക്കുകള്‍ വ്യത്യാസപ്പെടാം) ഇതു സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ വൈകാതെ തീരുമാനമാക്കാം.

6. മാസിക പ്രസിദ്ധീകരണത്തിലൂടെ ലാഭമുണ്ടാകുന്നുവെങ്കില്‍ അതില്‍ ചെലവു കഴിച്ചുള്ള തുക ബ്ലോഗര്‍മാര്‍ക്കിടയില്‍ത്തന്നെ പങ്കുവയ്ക്കും.

7. പരസ്യം കിട്ടിയാല്‍ സ്വീകരിക്കും. അതിന്റെ താരിഫ് തയ്യാറായി വരുന്നു. താല്പര്യമുള്ളവര്‍ക്ക് ആവശ്യപ്പെടുന്ന മുറയ്ക്ക് മെയില്‍ ചെയ്യുന്നതാണ്.

8. പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളുടെ ഉടമകള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആദ്യലക്കം പരീക്ഷണാടിസ്ഥാനത്തിലുള്ള ഒന്നായതിനാല്‍ ഇത്തവണ പ്രസിദ്ധീകരിക്കപ്പെടുന്ന രചനകള്‍ അയയ്ക്കുന്നവര്‍ക്ക് പുസ്തകങ്ങളാവും പാരിതോഷികമായി ലഭിക്കുക. ഇത് മാസിക പ്രസിദ്ധീകരിക്കുന്നതിനു മുന്‍പു തന്നെ അവരുടെ വിലാസത്തില്‍ എത്തിക്കുന്നതാണ്.

9. രചനകളുടെ തിരഞ്ഞെടുപ്പ്: സ്വന്തം എഴുത്തുകൊണ്ട് സര്‍വ്വ സമ്മതരായ ബ്ലോഗെഴുത്തുകാരില്‍ നിന്ന് നാലുപേര്‍ വീതം ഉള്‍ക്കൊള്ളുന്ന ഒരു സമിതിയുടെ റേറ്റിംഗ് ആണ് ഓരോ ലക്കത്തിലും പ്രസിദ്ധീകരിക്കപ്പെടുന്ന കൃതികളെ തെരഞ്ഞെടുക്കുന്നത്. ഈ സമിതിയംഗങ്ങള്‍ ഓരോ മാസവും മാറിക്കൊണ്ടിരിക്കും.

ഇത്രയും കാര്യങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടു പോകാമെന്ന് കരുതുന്നു. വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ട വിഷയം ഇത് നാമെല്ലാവരുടെയും സംരംഭമാണ്, ആരും തന്നെ കാഴ്ചക്കാരായി മാറിയിരിക്കേണ്ടവരല്ല എന്നതാണ്. മാസിക വിതരണം ചെയ്യാനുള്ള എല്ലാ അടിസ്ഥാന സൌകര്യങ്ങളും ഒരുക്കിയാലും പലയിടങ്ങളിലും (ഗള്‍ഫ് രാജ്യങ്ങള്‍, യു എസ് ) കൃത്യ സമയത്ത് ഇതെത്തിക്കാനുള്ള ചിലവ് അതിഭീമമാണ്. ഇത് ചുരുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്. അതിനെപ്പറ്റി ഒരു ചര്‍ച്ച ആവാമെന്ന് തോന്നുന്നു.

മുന്നോട്ടു തന്നെ, അല്ലേ കൂട്ടരേ?

Monday, May 28, 2007

ബ്ലോഗ് ഡൈജസ്റ്റ് സാക്ഷാല്‍ക്കരിക്കപ്പെടുന്നു

പ്രിയപ്പെട്ടവരേ,
നാമെല്ലാം ഒരുപാടാഗ്രഹിച്ച ഒന്ന് യാഥാര്‍ത്ഥ്യമാവുന്നു.
ബ്ലോഗിലെഴുതുന്നവരുടെ തിരഞ്ഞെടുത്ത രചനകള്‍ ഒരു മാസികയായി അച്ചടിച്ച് പുറത്തിറക്കുക, അത് മുടങ്ങാതെ തുടരുക.



ബ്ലോഗും ഇന്റര്‍നെറ്റും പ്രാപ്യമല്ലാത്ത വായനക്കാരില്‍ വരെ നമ്മുടെ കൃതികള്‍ എത്തിക്കാം എന്നത് നമ്മുടെ എഴുത്തുകളെ കൂടുതല്‍ വ്യാപ്തിയുള്ളതാക്കാന്‍ സഹായിക്കുമെന്നുതന്നെ പ്രത്യാശിക്കാം.

ഈ സംരംഭം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്നിട്ടിറങ്ങിയത് വിടരുന്ന മൊട്ടുകള്‍ എന്ന കമ്യൂണിറ്റി ബ്ലോഗിലൂടെയും മോബ് ചാനലി ലൂടെയും നമുക്ക് സുപരിചിതനായ ഗുണാളനാണ്. ഈ ഉദ്യമം വിജയകരമാക്കുന്നതിനു വേണ്ട അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ സ്വരൂപിക്കുന്നതിനായി ഒരു ചര്‍ച്ച കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളത്ത് നടന്നു. ചാരുകേശി, ആലപ്പുഴക്കാരന്‍, കണ്ണൂരാന്‍, ഇക്കാസ് , അനംഗാരി, ഗുണാളന്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായ പങ്കു വഹിച്ചു. കൊച്ചി ആസ്ഥാനമാക്കി ഈ ബ്ലോഗു മാസികയുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമെടുത്തു.



ആദ്യലക്കം ജൂലൈ മാസത്തില്‍ പുറത്തിറക്കാനാവുമെന്നാണ് പ്രതീക്ഷ. അച്ചടി, വിതരണം തുടങ്ങിയ എല്ലാ കാര്യങ്ങളും കൊച്ചിയില്‍ നിന്ന് തന്നെ ചെയ്യാനാണു തീരുമാനിച്ചിരിക്കുന്നത്.



ഈ പ്രസിദ്ധീകരണം മുടങ്ങാതെ മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാ മലയാളം ബ്ലോഗെഴുത്തുകാരുടെയും ഒറ്റക്കെട്ടായ പിന്തുണ ബ്ലോഗ് ഡൈജസ്റ്റ് ടീമിന് ആവശ്യമുണ്ട്.



ഇക്കാര്യത്തില്‍ നമുക്കു തോന്നുന്ന എല്ലാ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സംശയങ്ങളും ചര്‍ച്ച ചെയ്യുക എന്നതാണ് നാം ഇപ്പോള്‍ വായിക്കുന്ന ഈ ബ്ലോഗിന്റെ ഉദ്ദേശ്യം. ഓരോരുത്തര്‍ക്കും ഇക്കാര്യവുമായി ബന്ധപ്പെട്ട് മനസ്സില്‍ തോന്നുന്നത് -അത് എന്തു തന്നെയായാലും- ഇവിടെ കമന്റായി രേഖപ്പെടുത്താന്‍ അപേക്ഷിക്കുന്നു.



തങ്ങളുടെ രചനകള്‍ ഈ മാസികയില്‍ പ്രസിദ്ധീകരിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന എല്ലാ മലയാളം ബ്ലോഗെഴുത്തുകാരും പ്രസിദ്ധീകരിക്കപ്പെടേണ്ട കൃതികള്‍ mobchannel at gmail.com എന്ന വിലാസത്തില്‍ ഉടന്‍ തന്നെ അയച്ചു തരുവാന്‍ താല്പര്യപ്പെടുന്നു. മറ്റു മെയിലുകളില്‍ നിന്ന് തിരിച്ചറിയാനുള്ള എളുപ്പത്തിന് സബ്ജക്ട് “ബ്ലോഗ് ഡൈജസ്റ്റില്‍ പ്രസിദ്ധീകരിക്കുന്നതിന്“ എന്ന് ചേര്‍ക്കുക.


സ്നേഹത്തോടെ,

ബ്ലോഗ് ഡൈജസ്റ്റ് പ്രവര്‍ത്തകര്‍.