Tuesday, May 29, 2007

ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞത്

പ്രിയമുള്ളവരേ,

ബ്ലോഗ് ഡൈജസ്റ്റിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിക്കുന്ന ഏതാനും വസ്തുതകള്‍ മുന്‍പത്തെ പോസ്റ്റില്‍ പ്രതിപാദിക്കുകയുണ്ടായി. തുടര്‍ന്ന് നമ്മള്‍ക്കിടയില്‍ നിന്ന് ലഭിച്ച വിലപ്പെട്ട പ്രതികരണങ്ങളെ പഠനവിധേയമാക്കി തീരുമാനിച്ച ചില കാര്യങ്ങള്‍ നാമേവരുടെയും അറിവിലേക്കായി ഇവിടെ കൂട്ടിച്ചേര്‍ക്കുന്നു.

1. മലയാളത്തില്‍ ബ്ലോഗ് എഴുതുന്നവരുടെ സൃഷ്ടികള്‍ മാസം തോറും അച്ചടിച്ച് പുറത്തിറക്കുക. ഈ പ്രസിദ്ധീകരണം മറ്റേത് മലയാളം പ്രസിദ്ധീകരണത്തോടും കിടപിടിക്കുന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാവണം ലക്ഷ്യം.

2. മാസികയുടെ ടൈപ്പ് സെറ്റിംഗ്, ലേയൌട്ട്, പ്രൂഫ് റീഡിംഗ്, പ്രിന്റിംഗ് എന്നീ ജോലികള്‍ ഇക്കാസിന്റെ മേല്‍നോട്ടത്തില്‍ കൊച്ചിയില്‍ ചെയ്യാന്‍ തീരുമാനമായി.

3. മാസിക വായനക്കാരിലെത്തിക്കുക എന്ന കീറാമുട്ടി മോബ്‌ചാനല്‍ കൈകാര്യം ചെയ്യും. മോബ് ചാനല്‍ ഡോട് കോം ജൂണ്‍ അഞ്ചു മുതല്‍ കൊച്ചിയില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

4. ആദ്യലക്കം മാസിക പുറത്തിറക്കുന്നതിനുള്ള ചെലവ് മോബ് ചാനല്‍ വഹിക്കും. പിന്നീടുള്ള ലക്കങ്ങളുടെ പ്രസിദ്ധീകരണത്തില്‍ ചെലവ് വഹിക്കാന്‍ തയ്യാറാവുന്ന ആര്‍ക്കും പങ്കാളികളാകാവുന്നതാണ്.

5. മാസികയുടെ വാര്‍ഷിക വരിസംഖ്യ ഇന്ത്യയില്‍ 200നും 300നും ഇടയിലുള്ള ഒരു തുകയായിരിക്കും. (വിവിധ രാജ്യങ്ങളിലേക്കുള്ള പോസ്റ്റല്‍ ചിലവും മറ്റും പരിശോധിച്ചു വരുന്നു. തപാല്‍ ചിലവിലെ വ്യത്യാസമനുസരിച്ച് വിവിധ രാജ്യങ്ങളിലേക്കുള്ള നിരക്കുകള്‍ വ്യത്യാസപ്പെടാം) ഇതു സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ വൈകാതെ തീരുമാനമാക്കാം.

6. മാസിക പ്രസിദ്ധീകരണത്തിലൂടെ ലാഭമുണ്ടാകുന്നുവെങ്കില്‍ അതില്‍ ചെലവു കഴിച്ചുള്ള തുക ബ്ലോഗര്‍മാര്‍ക്കിടയില്‍ത്തന്നെ പങ്കുവയ്ക്കും.

7. പരസ്യം കിട്ടിയാല്‍ സ്വീകരിക്കും. അതിന്റെ താരിഫ് തയ്യാറായി വരുന്നു. താല്പര്യമുള്ളവര്‍ക്ക് ആവശ്യപ്പെടുന്ന മുറയ്ക്ക് മെയില്‍ ചെയ്യുന്നതാണ്.

8. പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളുടെ ഉടമകള്‍ക്ക് അര്‍ഹമായ പ്രതിഫലം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആദ്യലക്കം പരീക്ഷണാടിസ്ഥാനത്തിലുള്ള ഒന്നായതിനാല്‍ ഇത്തവണ പ്രസിദ്ധീകരിക്കപ്പെടുന്ന രചനകള്‍ അയയ്ക്കുന്നവര്‍ക്ക് പുസ്തകങ്ങളാവും പാരിതോഷികമായി ലഭിക്കുക. ഇത് മാസിക പ്രസിദ്ധീകരിക്കുന്നതിനു മുന്‍പു തന്നെ അവരുടെ വിലാസത്തില്‍ എത്തിക്കുന്നതാണ്.

9. രചനകളുടെ തിരഞ്ഞെടുപ്പ്: സ്വന്തം എഴുത്തുകൊണ്ട് സര്‍വ്വ സമ്മതരായ ബ്ലോഗെഴുത്തുകാരില്‍ നിന്ന് നാലുപേര്‍ വീതം ഉള്‍ക്കൊള്ളുന്ന ഒരു സമിതിയുടെ റേറ്റിംഗ് ആണ് ഓരോ ലക്കത്തിലും പ്രസിദ്ധീകരിക്കപ്പെടുന്ന കൃതികളെ തെരഞ്ഞെടുക്കുന്നത്. ഈ സമിതിയംഗങ്ങള്‍ ഓരോ മാസവും മാറിക്കൊണ്ടിരിക്കും.

ഇത്രയും കാര്യങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടു പോകാമെന്ന് കരുതുന്നു. വളരെയേറെ ശ്രദ്ധിക്കപ്പെടേണ്ട വിഷയം ഇത് നാമെല്ലാവരുടെയും സംരംഭമാണ്, ആരും തന്നെ കാഴ്ചക്കാരായി മാറിയിരിക്കേണ്ടവരല്ല എന്നതാണ്. മാസിക വിതരണം ചെയ്യാനുള്ള എല്ലാ അടിസ്ഥാന സൌകര്യങ്ങളും ഒരുക്കിയാലും പലയിടങ്ങളിലും (ഗള്‍ഫ് രാജ്യങ്ങള്‍, യു എസ് ) കൃത്യ സമയത്ത് ഇതെത്തിക്കാനുള്ള ചിലവ് അതിഭീമമാണ്. ഇത് ചുരുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്. അതിനെപ്പറ്റി ഒരു ചര്‍ച്ച ആവാമെന്ന് തോന്നുന്നു.

മുന്നോട്ടു തന്നെ, അല്ലേ കൂട്ടരേ?

62 comments:

Mobchannel said...

ബ്ലോഗ് ഡൈജസ്റ്റിനെക്കുറിച്ചുള്ള പോസ്റ്റില്‍ വിശദീകരണം ആവശ്യപ്പെട്ട കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. ദയവായി അഭിപ്രായമറിയിക്കുക.

വിഷ്ണു പ്രസാദ് said...

നല്ല സംരംഭം.മാസിക ബ്ലോഗ് വായനക്കാരില്‍ തന്നെ ചുരുങ്ങിപ്പോവരുത്.എന്റെ സഹകരണം ഉണ്ടാവും.

ഇടിവാള്‍ said...

നല്ലസംരംഭം , എല്ലാ ആശംസകളും നേരുന്നു.

Kaippally said...

എല്ലാം കൊള്ളം.
ചക്കറം എത്ര ആവൂന്ന് പറയണം. ധൈര്യ-അയിറ്റ് മുന്നോട്ട് പൊയിനിടെയ്!പെറവേ ഞാനൊണ്ട്.

ഒരു "കണ്ടീഷം"

ഇതീന്ന് കിട്ടണ ലാഭം എല്ലാം ബ്ലോഗന്‍ മാര്‍ക്കൊന്നും കൊടുക്കണ്ട. ഏതെങ്കിലും അനാധാലയത്തിനു് കൊടുക്കണം.

ഇതിന്ന് കിട്ടണ ലാഭം വെച്ച് ബ്ലോഗന്മാരങ്ങന പുട്ടടിക്കണ്ട. അയ്യെ !!

Vish..| ആലപ്പുഴക്കാരന്‍ said...

ന്റെ ടീമെ.. ഇപ്പോളാ കണ്ടത്..

1. അത് നടക്കും കാരണം നമ്മള്‍ എല്ലാം ഒന്നല്ലേ..!!

2. നന്നായി കൊച്ചിയില്‍ നിന്നും ഡിസ്ടിബ്യൂഷന്‍ എളുപ്പമാകും(ആകണം)

3.ഓഫീസ് തുറപ്പിനു എന്നേയും ക്ഷണിക്കുമോ?

4.രണ്ട്- മൂന്ന് ലക്കങള്‍ക്കുള്ളില്‍ സെല്ഫ് സഫ്ഫിഷ്യന്റ് ആകണം..

5. ഇത് ചര്‍ച്ച് ചെയ്യണം(അവസാന പാരഗ്രാഫ് നോക്കൂ

6.കുറച്ച് മിച്ചമായി വെച്ച് സേവ് ചെയ്യണം എന്നാ എന്റെ അഭിപ്രായം.

7. പരസ്യമില്ലാതെ നടക്കില്ല.. എല്ലാവരും വിചാരിച്ചാല്‍ അവരവരുടെ സ്ഥാപനങളുടെ പരസ്യങള്‍ ഇടാം..

8. ഇതെനിക്കിഷ്ട്ടപ്പേട്ടു... (കയ്യടികള്‍)

9. കൊള്ളാം റൌണ്ട് റോബിന്‍ തന്നെയാ നല്ലത്.. പരാതികള്‍ കുറയും..

ഇതിനേ പറ്റി ഇന്‍ഡെപ്ത് ആയി ചിന്തിക്കണം.. ജി. സി. സി യില്‍ ഉള്ളവര്‍ മുന്‍പോട്ട് വന്നാല്‍ കുറച്ച് കോപ്പികള്‍ അവര്‍ വഴി വിതരണം ചെയ്യാം.. പിന്നെ ഇത് ചില ഹോട്ടലുകള്‍ എയര്‍ലൈനുകള്‍ എന്നിവയില്‍ കൊടുക്കുന്നതിനായി ഉള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പറ്റിയവര്‍ ഉണ്ടോ????

വേണു venu said...

നല്ല തുടക്കം. എല്ലാ സഹകരണങ്ങളും എന്നില്‍ നിന്നുണ്ടാവും. ഞാനൊരു വാര്‍ഷികവരിക്കാരനാകാനും ആഗ്രഹിക്കുന്നു.
ഭാവുകങ്ങള്‍‍...

സുഗതരാജ് പലേരി said...

വളരെ നല്ല സംരംഭം. എന്റെ എല്ലാ വിധ ആശംസകളും. ഇവിടെ ദില്ലിയില്‍ നിന്നും എന്നാല്‍ കഴിയുന്ന എല്ലാവിധ സഹായങ്ങളും ചെയ്തു തരാന്‍ സന്തോഷമേയുള്ളൂ. എന്തായാലും ഞാനൊരു വരിക്കാരനാകാന്‍ തീരുമാനിച്ചു.5-10 വരിക്കാരെ കണ്ടെത്താനും ആദ്യത്തെ പതിപ്പ് കിട്ടിയതിനു ശേഷം സാധിക്കുമെന്ന് കരുതുന്നു.

കുട്ടന്‍സ്‌ | S.i.j.i.t.h said...

ബ്ലൊഗ് ഡൈജസ്റ്റിന് എല്ലാവിധ ആശംസകളും..
ഒരു വരിക്കാരനായും പ്രചാകരനായും ഞാന്‍ ഉണ്ടാവും..
(ബ്ലോഗ്ഗേര്‍സിന്റെ രചനകള്‍ മാത്രമേ പരിഗണിക്കുവുള്ളുവോ..അതോ ‘കുത്തക‘(established) എഴുത്തുകാരെ തേടിപ്പോവുമോ... )

മുന്നോട്ട്..മുന്നോട്ട്...

മുസ്തഫ|musthapha said...

1. എല്ലാവരുടേയും നല്ല സഹകരണത്തോടെ ഈ ലക്ഷ്യം സാധ്യമാവട്ടെയെന്ന് നമുക്ക് ആഗ്രഹിക്കാം!

2. വെറും ചര്‍ച്ചകളുമായി കൂടാതെ, സാധ്യതകള്‍ക്ക് ആക്കം കൂട്ടിയ ഈ തീരുമാനങ്ങള്‍ നന്നായി.

3. മോബ്ചാനല്‍ എന്നൊരു ഗ്രൌണ്ട് ലഭിക്കുന്നു എന്നത് വലിയ കാര്യം തന്നെയാണ്.

4. മോബ് ചാനലിന്‍റെ ഈ തീരുമാനം, ഈ സംരഭത്തിന്‍റെ അധികം വൈകാതെയുള്ള തുടക്കത്തിന് കാരണമായത് നന്നായി.

5. വളരെ ന്യായമായ വാര്‍ഷിക വരിസംഖ്യ.

6. മാസിക പ്രസിദ്ധീകരണത്തിലൂടെ ലാഭമുണ്ടാകുന്നുവെങ്കില്‍ അതില്‍ ചെലവു കഴിച്ചുള്ള തുക ബ്ലോഗര്‍മാര്‍ക്കിടയില്‍ത്തന്നെ പങ്കുവയ്ക്കും - തീര്‍ച്ചയായും വേണ്ടത് തന്നെ.

ഒരു താല്‍ക്കലീക സംരഭം അല്ല ഉദ്ദേശിക്കുന്നത് എന്നതിനാല്‍, ലാഭം പങ്ക് വെക്കപ്പെടുക തന്നെ വേണം. അല്ലെങ്കില്‍ ചിലവുകള്‍ വഹിക്കാന്‍ ആളുകള്‍ കുറയും എന്ന് തോന്നുന്നു.

7. പരസ്യം കിട്ടിയാല്‍ സ്വീകരിക്കും - പരസ്യങ്ങള്‍ കിട്ടാന്‍ വേണ്ടി തന്നെ ശ്രമിക്കണം.

8. പ്രസിദ്ധീകരിക്കപ്പെടുന്ന രചനകളുടെ ഉടമകള്‍ക്ക് അര്‍ഹമായ പ്രതിഫലം - വേണ്ടത് തന്നെ, കൃതികള്‍ നിലവാരമുള്ളതാക്കാന്‍ രചയിതാക്കള്‍ കൂടുതല്‍ നന്നായി ശ്രമിക്കും.

9. രചനകളുടെ തിരഞ്ഞെടുപ്പ്: നല്ല തീരുമാനം. പക്ഷെ, മാസം തോറും സമിതിയംഗങ്ങള്‍ മാറുകയെന്നത് എത്രമാത്രം പ്രായോഗീകമാണ്!

ഒരു സ്ഥിരം സമിതിയെ തന്നെ നില നിറുത്തുന്നതല്ലേ അഭികാമ്യം - അതിലെന്തെങ്കിലും അപാകത കാണുന്നുണ്ടോ?

asdfasdf asfdasdf said...

നല്ല സംരംഭം.
കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ സജീവമായ ഗ്രന്ഥശാലകളില്‍ ‘ബ്ലോഗ് ഡൈജസ്റ്റ്’ എത്തിക്കാനുള്ള സൌകര്യത്തെ കുറിച്ച് ആലോചിക്കണം. അത് സ്പോണ്‍സര്‍ ചെയ്യുവാന് കഴിവുള്ളവര്‍ മുന്നോട്ട് വന്നാല്‍ നന്നായിരിക്കും. എന്റെ എളിയ ഒരു അഭിപ്രായം മാത്രമാണിത്.

അജി said...

നല്ല തുടക്കം. സാമ്പത്തിക ലാഭം മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനത്തോട് യോജിപ്പില്ല, ഇതൊരു ബിസിനസ്സായി കാണാതെ കൈപ്പള്ളി പറഞ്ഞത് പോലെ ഒരു സേവനമായി കാണുക. വിജയീ ഭവ:

ജിസോ ജോസ്‌ said...

നല്ല സംരംഭം !

വിജയാശംസകള്‍ !

കുട്ടിച്ചാത്തന്‍ said...

ഒരു കുഞ്ഞ് കാര്യം പറഞ്ഞോട്ടെ..
ബ്ലോഗ് ഡൈജസ്റ്റ് എന്ന് ചക്ക വലിപ്പത്തില്‍ എഴുതുന്നതിന്റെ തൊട്ട് താഴെ മലയാളത്തില്‍ ബ്ലോഗര്‍മാര്‍ക്ക് ഓമനിച്ച് വിളിക്കാന്‍ ഒരു നാടന്‍ പേരിടുമോ?

Mubarak Merchant said...

കുട്ടിച്ചാത്തന്‍ പറഞ്ഞത് ശരിയായ ഒരു കാര്യമാണ്. ബ്ലോഗ് ഡൈജസ്റ്റ് എന്നതിനു പകരമായി ഉപയോഗിക്കാന്‍ -നമ്മുടെ മാസികയ്ക്ക് ഉപയോഗിക്കാനും കൂടി- ഒരു പേരു നിര്‍ദ്ദേശിക്കൂ എല്ലാവരും. ആദ്യ പേരു ചാത്തന്‍ തന്നെ പറയൂ.

Kaithamullu said...

നല്ല കാര്യം!
സഹായസഹകരണങ്ങള്‍ വാഗ്ദാനിക്കുന്നു!

deepdowne said...

നല്ല സംരംഭം! എല്ലാ ആശംസകളും!

...പാപ്പരാസി... said...

ഈ സംരഭത്തിന്‌ എല്ലാ ആശംസകളും...എന്നാല്‍ കഴിയുന്ന എന്തു സഹായവും ചെയ്യാമെന്ന ഉറപ്പ്‌ തരുന്നു.എഴുത്തുകള്‍ മാത്രമേ ഉള്ളോ?അപ്പോ പടങ്ങളെ പറ്റി എന്നും പറഞ്ഞ്‌ കേള്‍ക്കുന്നില്ല.മലയാളം ബ്ലോഗ്‌ മാസികക്ക്‌ മലയാളം പേരാവില്ലേ ഒന്നുകൂടി ഉചിതം.

മാവേലികേരളം(Maveli Keralam) said...

നല്ല സംരംഭമാണ്.

ഇന്നു മുഖ്യധാരാ മാദ്ധ്യമങ്ങള്‍ വാര്‍ത്തകളും അറിവും മറച്ചു പിടിയ്ക്കുന്നു, അരിയ്ക്കുന്നു, എന്നിങ്ങനെയുള്ള പരാതിയുണ്ടാകുമ്പോള്‍, അതിനൊരു ബദലായി രൂപം കൊള്ളാന്‍ കഴിഞ്ഞാല്‍, ബ്ലോഗു പ്രസിദ്ധീകരണത്തിനു പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നു തോന്നുന്നു.

‘സ്വന്തം എഴുത്തുകൊണ്ട് സര്‍വ്വ സമ്മതരായ ബ്ലോഗെഴുത്തുകാരില്‍ നിന്ന് നാലുപേര്‍ വീതം ഉള്‍ക്കൊള്ളുന്ന ഒരു സമിതിയുടെ റേറ്റിംഗ്...’.

ഈ സര്‍വസമ്മതത്വം എന്തിന്റെ അടിസ്ഥനത്തിലായിരിയ്ക്കും തീരുമാനിയ്ക്കുക. അവരുടെ പോസ്റ്റിനു കിട്ടുന്ന കമന്റുകളുടെ പേരിലോ വായനക്കാരുടെ എണ്ണമനുസരിച്ചോ? അറിയാന്‍ ചോദിയ്ക്കുന്നു എന്നേ ഉള്ളു:)

എല്ലാ ഭാവുകങ്ങളും നേരുന്നു.

പിന്നെ ചാത്തന്‍ പറഞ്ഞതു പോലെ ആ ഡൈജസ്റ്റിനു പകരം മലയാള പദമായാല്‍ നന്ന്. ഡൈജസ്റ്റിന് ഒരപ്പീല്‍ ഉണ്ട്. ബ്ലോഗു സംഗ്രഹം (തര്‍ജ്ജിമ)അതിനത്രയും അപ്പീല്‍ ഉണ്ട് എന്നു തോന്നുന്നില്ല. എന്നാലും മലയാളമാണ്.

തല്‍ക്കാലം നിര്‍ത്തുന്നു.

വിഷ്ണു പ്രസാദ് said...

മാസികയ്ക്ക് ചില പേരുകള്‍ നിര്‍ദ്ദേശിക്കുന്നു.


ഇ-എഴുത്ത്
എഴുത്തോല
വീണ്ടെടുപ്പ്
സൌഗന്ധികം
വിന്യാസം
നാട്ടുപച്ച
തുരുത്ത്

കുട്ടിച്ചാത്തന്‍ said...

ചാത്തന്‍ വഹ ഒരു പേര് -- “ഏഴാം ലോഗം“

കഥയില്‍ മാത്രല്ലാ പേരിലും ചോദ്യമില്ലാ...:)

സാജന്‍| SAJAN said...

നല്ല സരംഭം എല്ലാ വിധമായ ആശംസകളും!!

Kaippally said...

ടേയ് മാസികക്ക് ഞാന്‍ തരാം ഒരു പേരു്

"അച്ചാറ്" അതു തന്ന. Pickle

എങ്ങന വേണേലും ഉപയോഗിക്കാം

Adithyan said...

വേറേ തൊഴിലൊന്നും ഇല്ലാതിരിക്കുമ്പോള് ഞാന് ഒന്നു ഡെവിള്സ് അഡ്വക്കേറ്റ് ആവും.

എന്റെ ചില സംശയങ്ങള്.

1. മോബ് ചാനല്.കോം എന്നൊരു പ്രസ്ഥാനം ഇതിനു മുന്പ് നിലവില് ഉള്ളതാണോ? ആണെങ്കില് അവര് ഇതിനു മുന്പ് ഏതൊക്കെ പുസ്തകങ്ങളുടെ/വസ്തുക്കളുടെ വിതരണം നടത്തിയിട്ടുണ്ട്? "മാസിക വായനക്കാരിലെത്തിക്കുക എന്ന കീറാമുട്ടി മോബ്ചാനല് കൈകാര്യം ചെയ്യും" എന്ന ക്ലെയിമിനെ പിന്തുണയ്ക്കുന്ന എന്തെങ്കിലും പൂര്വ രേഖകള് കാണിക്കാനുണ്ടോ?

2. ഇനി മോബ് ചാനല് എന്നത് പുതുതായി തുടങ്ങാന് പോകുന്ന ഒരു പ്രസ്ഥാനമാണെങ്കില് രൊക്കെയാണ് അതിന്റെ പുറകില് പ്രവര്ത്തിക്കാന് പോകുന്നത്? അവരുടെ ക്ലെയിമുകള്ക്ക് അവരുടെ എക്സ്പീരിയന്സ് സപ്പോര്ട്ട് ആവുന്നുന്ടോ? അനോണിമസ് കമന്റ് ഇടുന്നതു പോലെ അല്ലല്ലോ പുസ്തക വിതരണം.

3. ഇനി ഇതിന്റെ സാമ്പത്തിക വശം. വരിസംഖ്യ 200 മുതല് 300 വരെ ഇന്ഡ്യന് രൂപ എന്നു പറഞ്ഞു. മിനിമം 1000 ബ്ലോഗ് എഴുത്തുകാര്/വായനക്കാര് ഉണ്ടെന്ന് നമുക്കറിയാം. അപ്പോള് അതില് പത്തിലൊന്നു പേര് (100 പേര്) വികാരത്തിന്റെ പുറത്ത് വരിക്കാരായാല് പോലും 2 ലക്ഷം രൂപ പിരിയും. ഇതു വരെ അഡ്രസ്സ് ഇല്ലാത്ത ഒരു കമ്പനി ഈ പൈസയും കൊണ്ട് മുങ്ങിയാല് ആരെ സമീപിക്കണം?

4. മോബ് ചാനല്.കോം ഈ പരിപാടിയില് ശരിക്കും മുതല് മുടക്കാന് തയ്യാറാണെങ്കില് ആദ്യ മുതല്മുടക്ക് അവരുടെ വക തന്നെ ആയിരിക്കണം. സ്വന്തമായി ഇന്വെസ്റ്റ് ചെയ്യാന് ഇല്ലാത്തവന് ഇന്വെസ്റ്റ്മെന്റ് ബാങ്കുകള് പോലും ലോണ് കൊടുക്കാറില്ലല്ലോ. ആദ്യ മൂന്ന് ലക്കങ്ങള് എങ്കിലും മോബ് ചാനല്.കോം സ്വന്തം മുതല്മുടക്കില് ഇറക്കി അത് വിതരണം ചെയ്ത് കാണിക്കണം. അങ്ങനെ അവര്ക്ക് അവരുടെ കഴിവ് തെളിയിക്കുകയും അവരുടെ സീരിയസ്നെസ്സ് വ്യക്തമാക്കുകയും ചെയ്യാം.

5. ആദ്യത്തെ മൂന്നു മാസത്തിനു ശേഷം, ബ്ലോഗേഴ്സ് വരിക്കാരാവുന്നതിനു മുന്പ്, ബ്ലോഗുമായി ബന്ധമില്ലാത്ത 100 വരിക്കാരെ എങ്കിലും ശേഖരിക്കാന് മോബ് ചാനല്.കോം-നു സാധിയ്ക്കണം. അല്ലെങ്കില് പിന്നെ ഈ പരിപാടിയുമാഅയി മുന്നോട്ട് പോകുന്നതില് കാര്യമില്ല.

6. ബ്ലോഗേഴ്സ് പൈസ ഇറക്കുന്നുണ്ടെങ്കില് അത് നേരിട്ടാവരുത്. ബ്ലോഗേഴ്സിന്റെ വക്താക്കളായി മൂന്നുപേരുടെ ഒരു പാനല് ഞാന് സജസ്റ്റ് ചെയ്യുന്നു. കേരളത്തില് നിന്ന് കുമാര്, യു. എ. ഇ-യില് നിന്ന് കൈപ്പള്ളി, യു. എസ്. എ-യില് നിന്ന് മന്ചിത്ത്. ബ്ലോഗേഴ്സ് അവരുടെ വരിസംഖ ഇവരുടെ പേരില് അയയ്ക്കുകയും, അവര് മോബ് ചാനലിന്റെ വരവു ചിലവ് രേഖകള് ഓഡിറ്റ് ചെയ്തതിനു ശേഷം മാത്രം പൈസ കൈമാറുകയും ചെയ്യണം. അങ്ങനെ വരുമ്പോള് വരിസംഖ്യയുടെ കാര്യത്തില് സുതാര്യതയുണ്ടാവും.

Kattaalan said...

എപ്രില്‍ വരെ VPP free എന്നു കേട്ട്‌ ഞാന്‍ മൊബ്‌ ചാനലില്‍ 8 പുസ്തകത്തിന്‍ ഓര്‍ഡര്‍ കൊടുത്തു... പക്ഷേ, അവര്‍ അയച്ചു തന്നത്‌ ഏറ്റവും കനം കുറഞ്ഞ വെറും 3 പുസ്തകങ്ങള്‍ മാത്രം... കാരണം വി പി പി ചാര്‍ജ്‌ അവരാണല്ലോ കൊടുക്കേണ്ടത്‌... എന്റെ സുഹൃത്തിനും ഇതു തന്നെയായിരുന്നു അനുഭവം... എന്തിനാടോ, ഇങ്ങനൊരു എടവാട്‌... ബുക്ക്‌ സ്റ്റോക്കില്ലേല്‍, സൈറ്റില്‍ നിന്നതിന്റെ പരസ്യം മാറ്റണം ഹേ...! പുത്തരിയില്‍ തന്നെ കല്ലു കടിപ്പിയ്ക്കണോ?

Kumar Neelakandan © (Kumar NM) said...

ആദിത്യന്‍ പറഞ്ഞു,

"6. ബ്ലോഗേഴ്സ് പൈസ ഇറക്കുന്നുണ്ടെങ്കില് അത് നേരിട്ടാവരുത്. ബ്ലോഗേഴ്സിന്റെ വക്താക്കളായി മൂന്നുപേരുടെ ഒരു പാനല് ഞാന് സജസ്റ്റ് ചെയ്യുന്നു. കേരളത്തില് നിന്ന് കുമാര്, യു. എ. ഇ-യില് നിന്ന് കൈപ്പള്ളി, യു. എസ്. എ-യില് നിന്ന് മന്ചിത്ത്. ബ്ലോഗേഴ്സ് അവരുടെ വരിസംഖ ഇവരുടെ പേരില് അയയ്ക്കുകയും, അവര് മോബ് ചാനലിന്റെ വരവു ചിലവ് രേഖകള് ഓഡിറ്റ് ചെയ്തതിനു ശേഷം മാത്രം പൈസ കൈമാറുകയും ചെയ്യണം. അങ്ങനെ വരുമ്പോള് വരിസംഖ്യയുടെ കാര്യത്തില് സുതാര്യതയുണ്ടാവും."

പ്രിയമുള്ള ആദിത്യാ ബ്ലോഗേര്‍സിന്റെ വക്താവായി ഒരു ചാനലിന്റേയും കണക്കു നോക്കി കാശു കൈമാറാന്‍ എനിക്കു താല്പര്യമില്ല എന്നു മാത്രമല്ല, ബ്ലോഗേര്‍സിന്റെ വക്താവാകാന്‍ കൂടി താല്പര്യമില്ല. എനിക്കൊരു ബ്ലോഗര്‍ മാത്രമായാല്‍ മതി. അത് എനിക്ക് ഒരുപാടു സന്തോഷം തരുന്നു. സന്തോഷത്തിന്റെ കാര്യത്തില്‍ അത്യാഗ്രഹം ഇല്ല.

Mobchannel said...

മാന്യബ്ലോഗര്‍മാരായ ആദിത്യന്റെയും കാട്ടാളന്റെയും കമന്റ് ശ്രദ്ധയില്‍ പെട്ടു. മോബ് ചാനലുമായി ബന്ധപ്പെട്ടതാകയാല്‍ ഈ കമന്റുകള്‍ അവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. ബ്ലോഗ് ഡൈജസ്റ്റ് ടീമിന് ഇക്കാര്യങ്ങളെക്കുറിച്ച് പറയാനുള്ളത് മോബ് ചാനലിന്റെ കൂടി വിശദീകരണം കേട്ടശേഷം വൈകാതെ പറയാം. നന്ദി.

Mobchannel said...

ആദിത്യന്റെ ചില സംശയങ്ങള്‍ക്കുള്ള മറുപടി:

1. മോബ് ചാനല്‍ എന്നത് ഒരു പുതിയ സം‌രംഭം ആണ്. എന്ന് കരുതി അത് ഇന്നലെ പൊട്ടി മുളച്ച തകരയല്ല. പൂര്‍‌വരെഖകള്‍ എന്നാല്‍ വായനക്കാര്‍ക്ക് അയ്ച്ച് കൊടുത്തതിന്റെ ഡെലിവറി ചലാനും, വിപിപി അക്നോളെഡ്ജ്മെന്റും സ്കാന്‍ ചെയ്ത് ഇടണം എന്നാണോ ഉദ്ദേശിച്ചത്?
കൊടകരപുരാണത്തിന്റെ 65 കോപ്പികള്‍ ഇതിനകം മോബ് ചാനല്‍ സൈറ്റ് വഴി വിറ്റഴിക്കാന്‍ സാധിച്ചിട്ടുണ്ട്. ആകെ പുറത്തിറങ്ങിയ 1000 കോപ്പികളുടെ ആറര ശതമാനം വരും ഇത്. ഈ നേട്ടം കൈവരിക്കാന്‍ മറ്റൊരു മലയാളം ഇന്റര്‍നെറ്റ് ബുക് സെല്ലറിനും കഴിഞ്ഞിട്ടില്ല.
ഈ സം‌രംഭം തുടങ്ങിയിട്ട് ആറ് മാസത്തോളമായി. ഇതിനിടയില്‍ ഇരുനൂറൊളം പുസ്തകങ്ങ‌ള്‍ വായനകാരിലേയ്ക്ക് എത്തിക്കുകയും, നൂറ്റമ്പതൊളം പുസ്തകങ്ങള്‍ ലിസ്റ്റ് ചെയ്യുവാനും കഴിഞ്ഞിട്ടുണ്ട്


2. ബ്ലോഗ് സാഹിത്യം ഈ സൌകര്യങ്ങള്‍ അപ്രാപ്യമായ മറ്റ് നല്ല വായനക്കാരിലേയ്ക്ക് എത്തിക്കുക എന്ന നല്ല ഉദ്ദേശത്തൊടെ പ്രവര്‍ത്തിക്കുന്ന ചെറിയ ഒരു കൂട്ടമാണ്. അനോണി കമെന്റ് ഇട്ട് കബളിപ്പിക്കുന്ന ആരും തന്നെ ആ ലിസ്റ്റിലില്ല. ഇവിടെ ആ താരതമ്യത്തിന്റെ സാംഗത്യം മനസിലായില്ല. മാത്രമല്ല റെജിസ്റ്റ്രേഷന്‍ പ്രോസസിന് ശേഷമേ പാനലിന്റെയും മറ്റും കാര്യത്തില്‍ വ്യക്തതയുണ്ടാകൂ.

3. 200 x 100 = 20000 (ഇരുപതിനായിരം അല്ലേ ആകൂ). കണക്ക് കൂട്ടലുകള്‍ തെറ്റിയോ? വ്യക്തമായി സമീപിക്കാവുന്ന പ്രസിദ്ധീകരണ സ്ഥാപനം രെജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയ ശേഷം മാത്രമേ മാസിക പുറത്തിറങ്ങൂ. വരിസംഖ്യ പിരിക്കാനായി പണപ്പെട്ടി ആരും തന്നെ ഇവിടെ വെച്ചിട്ടില്ല.

4. സ്വാര്‍ത്ഥ താല്പ്പര്യങ്ങള്‍ ഇല്ലാതെ ലാഭേച്ഛയില്ലാതെ ബ്ലോഗിലെ നല്ല കൃതികള്‍ ചേര്‍ത്ത് ഒരു മാസിക എന്നതാണ് ലക്ഷ്യം. അതിനായി റീഡര്‍ഷിപ്പ് ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് വരി സംഖ്യയുടെ കാര്യം ചര്‍ച്ചയില്‍ കൊണ്ട് വന്നത്. ഭിക്ഷകിട്ടിയുമില്ല, പട്ടികടിക്കുകയും ചെയ്തു എന്ന അവസ്ഥ ഉണ്ടാകരുതല്ലോ.

5. നല്ല ബ്ലോഗ് സൃഷ്ടികള്‍ വായനക്കാരില്‍ എത്തുകയാണെങ്കില്‍ 100 അല്ല അതില്‍ കൂടുതല്‍ കൂടുതല്‍ വരിക്കാരുണ്ടാകും എന്നാണ് പ്രതീക്ഷ. അങ്ങിനെ മുന്നോട്ട് പോകാം എന്ന് തന്നെയാണ് പ്രതീക്ഷ

6. ബ്ലോഗേര്‍സ് ഒരു റെജിസ്റ്റേര്‍ഡ് കമ്പനിക്കാണ്/മാസികയ്ക്കാണ് പണം നല്‍കുന്നത്. വക്താക്കളുടെ ഒരു കൂട്ടത്തെ (അവരുടെ പോലും അനുവാദം ഇല്ലാതെ - കുമാറിന്റെ മറുപടി കാണുക) എന്തടിസ്ഥാനത്തിലാണ് താങ്കള്‍ നിര്‍ദ്ദേസിച്ചിരിക്കുന്നതെന്ന് മനസിലാകുന്നില്ല.
സുതാര്യതയ്ക്കായി വരിക്കാര്‍ക്ക് ഒരു ഒപ്പണ്‍ ഓഡിറ്റ് നടത്താനും തയ്യാറാണ്.

ഇതൊരു കൊച്ച് സം‌രംഭം ആണ്. അതിന്റെ വളര്‍ച്ചയ്ക്കും, പ്രവര്‍ത്തനങ്ങള്‍ക്കും ആയി ഏവരുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ബ്ലോഗ്മായി ബന്ധപ്പെട്ട് എന്തു നടന്നാലും നല്ല മനസോടെ അതിന്റെ ആദ്യാവസാനക്കാരായി രംഗത്തെത്താറുള്ള പലരും ഇവിടെ ചര്‍ച്ചയില്‍ പങ്കെടുക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അത് അവരുടേ സമയക്കുറവും മറ്റു തിരക്കുകളും കൊണ്ടാണെന്ന് കരുതുന്നു.
ഏവരുടേയും വിലപ്പെട്ട അഭിപ്രായങ്ങള്‍ ക്ഷണിച്ച് കൊള്ളുന്നു. എങ്കിലും തുടക്കത്തില്‍ തന്നെ "ഇത് പൊളിക്കാന്‍ കാലത്ത് ഭയങ്കര പ്രയാസമായിരിക്കും" എന്നത് ഈ സം‌രംഭത്തേയും പുറകിലേയ്ക്ക് നയിക്കും.
മോബ് ചാനല്‍ മറ്റൊന്നു കൂടി വ്യക്തമാക്കിയിട്ടുണ്ട്,
ഈ സംരംഭം ഒന്ന് യാഥാര്‍ത്ഥ്യമായിക്കോട്ടെ, അതിനുശേഷം മാസികയുടെ ഉടമസ്ഥാവകാശം, നടത്തിപ്പ് മുതലായവ ബ്ലോഗര്‍മാരുടെ ഒരു സംഘത്തിനു വേണമെങ്കില്‍ കൈമാറാം. മാഗസിന്റെ ആജീവനാന്ത വിതരണാവകാശമൊന്നും മോബ് ചാനലിനു വേണമെന്നില്ല. മറ്റുള്ളവര്‍ വില്‍ക്കുന്നതോടൊപ്പം മോബ് ചാനല്‍ സൈറ്റ് വഴിയും ഇത് വില്‍ക്കാന്‍ അനുവദിച്ചാല്‍ മതി.

കാട്ടാളന്റെ പരാതികള്‍ക്ക് ദയവായി മോബ് ചാനലുമായി ബന്ധപ്പെടുക.

കുറുമാന്‍ said...

ഈ ഒരു ആശയം വന്നപ്പോള്‍ മുതല്‍ സകലവിധ പിന്തുണയും ഞാന്‍ പ്രഖ്യാപിച്ചതാണ്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ആരേയും അറിയില്ല. പക്ഷെ സംരംഭം നല്ലതാണെന്ന ഒരു ശുഭാപ്തിവിശ്വാസം. കാശെറിഞ്ഞു കാശുണ്ടാക്കാനുള്ള ഒരു തന്ത്രമായിട്ട് ഇതിനെ ഒരിക്കലും എനിക്ക് കാണാന്‍ സാധിക്കില്ല. അതിനാല്‍ തന്നെ ഇനിയും പിന്തുണ പ്രഖ്യാപിക്കുന്നു.

തീരുമാനങ്ങള്‍ എല്ലാവരും ചേര്‍ന്നെടുക്കൂ. എല്ലാവിധ ആശംസകളും.

വേണ്ടി വന്നാല്‍ ഞാന്‍ ഇന്നു വരെയായി എഴുതിയ കഥകള്‍, എന്റെ യൂറോപ്പ് സ്വപ്നങ്ങള്‍ അടക്കം എല്ലാം ഞാന്‍ ബ്ലോഗ് ഡയജസ്റ്റിനു വെറുതെ തരാന്‍ തയ്യാറാണെന്നും ഇതിനാല്‍ അറീയിക്കുന്നു, പക്ഷെ അതിലെ ലാഭത്തില്‍ ഒരു പങ്ക് തൃശൂരില്‍ ഞാന്‍ എപ്പോഴും പോകാറുള്ള രണ്ട് അനാഥാലയങ്ങള്‍ക്കും, അഗതിമന്ദിരത്തിനും നല്‍കണമെന്നൊരപേക്ഷ.

സ്വാര്‍ത്ഥന്‍ said...

തുടര്‍ച്ചയായി ഒരു വര്‍ഷത്തേക്കെങ്കിലും പ്രസിദ്ധീകരിക്കാന്‍ സാധിക്കും എന്നുറപ്പുണ്ടെങ്കിലേ ഇതിന്റെ രെജിസ്റ്റ്രേഷന്‍ മുതലായ ഭാരിച്ച ദൌത്യങ്ങള്‍ക്കായി മുന്നിട്ടിറങ്ങാവൂ. ഇടയ്ക്ക് വച്ച് നിന്ന് പോകുന്ന സ്ഥിതിവിശേഷം വരരുത്.

(അതിനിടെ, ടീമിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ട്ടോ....)

ദേവന്‍ said...

എല്ലാം വായിക്കുന്നുണ്ട്. ഒരു 5 ദിവസം സമയം തരൂ ഒരു കമന്റ് ഇടാന്‍. ഇടയ്ക്ക് ഒരു ചരിത്ര സമ്മര്‍ദ്ദം വന്നു കേറിയതുകാരണം സമാധാനമായി കമന്റാന്‍ പറ്റുന്നില്ല കൂട്ടുകാരേ.

കണ്ണൂസ്‌ said...

എല്ലാ ഭാവുകങ്ങളും നേരുന്നു. ആശയപരമായി യോജിപ്പില്ലാത്ത ഒരു കാര്യം ആണെങ്കിലും.

സമാന വിഷയത്തിലുള്ള എന്റെ അഭിപ്രായം ഇവിടെ പറഞ്ഞിട്ടുണ്ട്‌.

വിനോജ് | Vinoj said...

ഞാനും ഉണ്ട്‌ കൂട്ടത്തില്‍...
സ്വന്തം രചനകള്‍ പ്രസിദ്ധീകരിക്കാനിടമില്ലാതെയാണ്‌ പലരും ബ്ലോഗില്‍ സ്വന്തം രചനകള്‍ പ്രസിദ്ധീകരിക്കുന്നത്‌. അതുകൊണ്ട്‌ ദയവായി പുറത്തു നിന്നുള്ളവരുടെ രചനകള്‍ സ്വീകരിച്ച്‌ നമ്മുടെ കഞ്ഞിയില്‍ പാറ്റയിടരുത്‌. വരിക്കാരെയൊക്കെ നമുക്കു സംഘടിപ്പിക്കാമെന്നേ. ഇതില്‍ നിന്നുള്ള ലാഭത്തിന്റെ പങ്ക്‌ പരസ്യത്തിനായി (ഈ മാസികയുടെ)നീക്കി വയ്ക്കുക, കുറച്ചു മാസങ്ങളിലേക്കെങ്കിലും.

Adithyan said...

ബ്ലോഗിലുള്ള (ഇന്റര്‍നെറ്റിലുള്ള) കാര്യങ്ങള്‍ ഇന്റര്‍നെറ്റ് ലഭ്യമല്ലാത്ത സാധാരണക്കാരായ വായനക്കാരിലേയ്ക്കെത്തിക്കാന്‍ ഇന്റര്‍നെറ്റിലൊരു പുസ്തക വിതരണ സൈറ്റ്.

ഇതിനാണോ 'ഐറണി' എന്ന് പറയുന്നത്?

ഇനിയിപ്പോ വിതരണ ശ്രംഖല തുടങ്ങി, ഓരോ ജില്ലയിലും ഓരോ ഓഫീസ് ഒക്കെ തുടങ്ങി, അങ്ങനെയങ്ങനെ സാധാരണക്കാരിലേയ്ക്ക് എത്താന്‍ അല്പ്പം സമയം എടുക്കില്ലേ?

ആ ശൃംഖല ബ്ലോഗേഴ്സിന്റെ ചിലവില്‍ ഉണ്ടാക്കണം എന്ന പോയിന്റാണ്‌ എനിക്ക് തീരെ മനസിലാവാത്തത്. നിങ്ങള്‍ തന്നെ പറഞ്ഞ കണക്കനുസരിച്ച് ഇതുവരെ ആറുമാസം കൊണ്ട് വിതരണം ചെയ്തത് 200 പുസ്തകങ്ങളാണ്‌. അപ്പോള്‍ ഒരു 200 ബ്ലോഗേഴ്സ് വരിക്കാരായാല്‍ നിങ്ങളെ സംബന്ധിച്ചിടത്തോളം 100% ബിസിനസ്സ് വര്ദ്ധനവ്.

ആരും വരിക്കാരാവരുത് എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. സ്വന്തം കൃതി അച്ചടിച്ചു കാണണം എന്നാഗ്രഹമുള്ള 200 (എന്തിന്‌ 20) പേരുണ്ടായാല്‍ തന്നെ നിങ്ങള്‍ മുന്നോട്ടു പോകണം. ആരോ പറഞ്ഞ പോലെ എല്ലാവരും പ്രായപൂര്‍ത്തിയായവരും രക്ഷിതാക്കള്‍ ഉള്ളവരും ഒക്കെ ആണല്ലോ :)

NB> പിന്നെ വക്താക്കളുടെ കാര്യം - :) അത് ഇതിന്റെ പ്രായോഗികകത കാണിക്കാന്‍ മനഃപൂര്‍വം ഇട്ടതാണ്‌. വിതരണത്തെപ്പറ്റി നിങ്ങള്‍ക്കുള്ള ഗ്യാരണ്ടി പോലെ അവര്‍ വക്താക്കളാവും എന്ന് എന്റെയൊരു ഗ്യാരണ്ടി.

Inji Pennu said...

ഞാന്‍ കുറച്ച് കാര്യങ്ങള്‍ ചോദിച്ചോട്ടെ?

ആദ്യം തന്നെ പുസ്തകത്തില്‍ അച്ചടിച്ച് എന്റെ ബ്ലോഗ് വരണമെന്ന് തീരെ ആഗ്രഹമില്ലാത്ത ആളാണ് ഞാന്‍. എന്റെ ഐഡിയോളജിക്ക് കമ്പ്ലീറ്റ് എതിരാണ് തിരിച്ച് പുസ്തകങ്ങളിലോട്ട് അതും പേപ്പറിലോട്ട് പോവുന്നത്. പേപ്പറില്‍ എഴുതി തുടങ്ങിയപ്പോള്‍ എന്നാ താളിയോലകളിലും അത് വന്നാലേ അതിനൊരു വെയിറ്റുണ്ടാവൂന്നാരും കരുതീലല്ലൊ, അവസാനം പേപ്പറില്‍ തന്നെയായില്ലെ കാര്യങ്ങളെല്ലാം...എന്നുള്ള ആ സിമ്പിള്‍ ലോജിക്കിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. ഇത് ഞാന്‍ മുങ്കൂര്‍ ആയിട്ട് പറയുന്നത് ഇനി അത് നിങ്ങള്‍ ചോദിക്കാതെയിരിക്കാനാണ്..

പക്ഷെ സംഭവം അതൊന്നുമല്ല. നല്ല കാര്യമാണ് നല്ല കൃതികള്‍ പുസ്തകമാക്കി ഇറങ്ങുക എന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പത്ത് വര്‍ഷം എങ്കിലും കഴിയാതെ കേരളത്തിലെ മിക്ക വീടുകളിലും ഒരു കമ്പ്യൂട്ടറും ഇന്റര്‍നെറ്റും വരാന്‍ സാധ്യത വിരളമാണ്.

പക്ഷെ എനിക്കീ പുസ്തകം വാങ്ങിക്കണമെങ്കില്‍ നിങ്ങളുടെ ഇന്റര്‍നെറ്റ് സൈറ്റ് സന്ദര്‍ശിക്കണമായിരിക്കുമില്ലേ ഇവിടെ ഇരിക്കുമ്പോള്‍? കേരളത്തില്‍ നിങ്ങള്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ വഴി പുസ്തകങ്ങള്‍ വിതരണം ചെയ്യുമായിരിക്കും എന്ന് വിശ്വസിക്കുന്നു.
പക്ഷെ എന്റെ പ്രശ്നം നിങ്ങളുടെ മോബ് ചാനല്‍.കോം സൈറ്റ് സന്ദര്‍ശിച്ചപ്പോള്‍...
(ഞാന്‍ ഇന്റര്‍നെറ്റില്‍ നിന്നാണ് ഗ്രോസറി ഷോപ്പിങ്ങ് ഒഴികെ 80% ഷോപ്പിങ്ങ് നടത്തുന്നത്)...നിങ്ങളുടെ സൈറ്റില്‍ പോയപ്പോള്‍ ഒരു മിനിമം വേണ്ട https: കണ്ടില്ല. About Us, Privacy Policy, Legal Policy ഇതൊന്നും കണ്ടില്ല. എന്റെ പേരും നാളും, എന്തിന് ബാങ്ക് ഡീറ്റെയിത്സ് വരെ ചോദിക്കുന്ന ആ സൈറ്റില്‍ ഇതൊക്കെ ഇല്ലെങ്കില്‍ നിങ്ങളെന്താണീ ചെയ്യുന്നത്? ഒരു മിനിമം ഷോപ്പിങ്ങ് കാര്‍ട്ട് വെക്കേണ്ട സൈറ്റില്‍ ഇതൊക്കെ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റിനെക്കുറിച്ചൊക്കെ ഒന്നും അറിയില്ല എന്ന് വേണമൊ ഞാന്‍ കരുതാന്‍? അതൊ അറിഞ്ഞിട്ടും വേണ്ടാ എന്ന് വെച്ചതാണൊ? കാരണം ഇതൊക്കെ ഏത് കൊച്ച് കുട്ടിക്കും അറിയാവുന്ന കാര്യങ്ങളാണല്ലൊ? ഗൂഗിള്‍ആഡ് സെന്‍സ് വെക്കാന്‍ അറിയാവുന്ന നിങ്ങള്‍ക്ക് ഇത് അറിയില്ലെ?
സത്യം പറഞ്ഞാല്‍ ഞാന്‍ ഞെട്ടിപ്പോയി...അതും 200 പേര്‍ക്ക് നിങ്ങള്‍ ഈ പുസ്തകങ്ങള്‍ അയച്ചു കൊടുത്തു അതും നിങ്ങളുടെ സൈറ്റ് വഴി എന്ന് വായിച്ചിട്ട്. എന്റെ അമ്മെ! പൈസ മേടിക്കുമ്പോള്‍ പേരും അഡ്രസ്സും ചോദിക്കാത്ത മലയാളികളൊ?

ഇതൊക്കെ ഇവിടെ ചോദിക്കണമെന്നെനിക്ക് ഇല്ലായിരുന്നു. പക്ഷെ ഒരു കോണ്ടാക്റ്റ് അസ് പോലും നിങ്ങളുടെ സൈറ്റില്‍ ഞാന്‍ കണ്ടില്ല! അതോ അതല്ലേ ഇനി നിങ്ങളുടെ സൈറ്റ്?

(മലയാളികള്‍ക്ക് ബുദ്ധിയുണ്ടെന്ന് എപ്പോഴും കൊട്ടിഘോഷിക്കപ്പെടാറുണ്ടെങ്കിലും മാഞ്ചിയം, തേക്ക്, ആട് വളര്‍ത്തല്‍, ഗള്‍ഫ് വിസ ഇവയിലൊക്കെ പെട്ട് കൈപൊള്ളിയതും നമ്മളൊക്കെ തന്നെ. അത്കൊണ്ട് അല്‍ഭുതപ്പെടേണ്ട കാര്യമില്ലായിരിക്കും..
എന്നാലും....ഞാന്‍ നടുങ്ങി!)

Unknown said...

ഈ സംരംഭത്തില്‍ എന്താണ് പ്രശ്നം എന്നുള്ളത് മനസ്സിലാവുന്നില്ല. മോബ് ചാനലിന്റെ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ വരെ പരിശോധിച്ചിട്ടേ സാധനം വാങ്ങൂ എന്ന് വാശി പിടിക്കാത്തവര്‍ സാധനം വാങ്ങട്ടെ, ബ്ലോഗില്‍ നിന്ന് പേപ്പറിലേക്ക് പോകുന്നത് തിരിച്ച് ശിലായുഗത്തിലേക്ക് പോകുന്നതാണ് എന്നും ഇന്റര്‍നെറ്റില്‍ എഴുതിയ വരി പുസ്തകത്തിലേതിലേക്കാള്‍ കേമമാ‍ണ് എന്നും തോന്നുന്നവര്‍ അതിന് പോകാതിരിക്കട്ടെ, സ്വന്തം കൃതി അച്ചടിച്ച് കാണണമെന്നുള്ളവര്‍ അതിനുള്ള വഴി നോക്കട്ടെ. എല്ലാവര്‍ക്കും സ്വന്തം ബുദ്ധിയും അഭിപ്രായവുമുണ്ടല്ലോ.

ആര്‍ക്കാണ് ദഹനക്കുറവ് എന്ന് മനസ്സിലാവുന്നില്ല. അഷ്ടചൂര്‍ണ്ണം ഇപ്പൊ സാഷേ പാക്കറ്റില്‍ കിട്ടും, അജീര്‍ണ്ണത്തിന് നല്ലതാണ്. ആരെങ്കിലും നാല് കാശോ പ്രശസ്തിയോ ഉണ്ടാക്കുന്നെങ്കില്‍ ഉണ്ടാക്കട്ടെ എന്നേ. ഇപ്പോള്‍ ഉള്ള സ്ഥിതി മാറണ്ട എന്ന് പറയാന്‍ മാത്രം യാഥാസ്ഥിതികരാവണോ?

sandoz said...

എന്തരു ദില്‍ബാ നീ പറയണേ......
അജീര്‍ണ്ണമോ ആര്‍ക്ക്‌...

പുസ്തകം ആക്കുന്നവര്‍ ആക്കട്ടെ....
അല്ലാത്തവര്‍ 'ആക്കണ്ടാ'.....
വാങ്ങിക്കുന്നവര്‍ വാങ്ങിക്കട്ടെ....
അല്ലാത്തവര്‍ വേണ്ടാ.....

എല്ലാര്‍ക്കും ഇഷ്യൂസ്‌ ഉണ്ടാക്കി...
ആളെ കേറ്റി കാശുണ്ടാക്കാന്‍ പറ്റുമോ.....
അല്ലാത്തവര്‍ക്കും എന്തെങ്കിലും ചിക്ലി കിട്ടണെങ്കില്‍ കിട്ടട്ടെന്നേ.....
ഇത്‌ എന്തൊരു പാട്‌.....

ടെയ്‌ ഗുണാളാ....
നീ മുങ്ങോടൈ കാശും കൊണ്ട്‌....

Inji Pennu said...

ദില്‍ബു,
എന്നോടാണൊ പറഞ്ഞത്? ഒരു അബൌട്ട് അസ് അല്ലെങ്കില്‍ കോണ്ടാക്റ്റ് അസ് എന്നില്ലാത്ത സൈറ്റില്‍ നിന്ന് പുസ്തകം വാങ്ങിക്കുന്നതൈങ്ങിനെ എന്ന് ചോദിക്കുന്നത് തെറ്റാണൊ? നാട്ടില്‍ നിന്ന് നല്ല പുസ്തകം വാങ്ങിക്കണമെന്ന് അതിയായ ആഗ്രഹമുള്ളയാളാണാണ് ഞാന്‍...പക്ഷെ ഇതൊന്നും ഇല്ലാണ്ട് ഒരു സൈറ്റില്‍ വരുമ്പോള്‍ എനിക്ക് ന്യായമായും സംശയങ്ങള്‍ ഉണ്ടാവും? അത് ദഹനക്കേടാണൊ ദില്‍ബുവേ? മനസ്സിലായില്ല. ഒരു കോണ്ടാക്റ്റ് ഈമെയില്‍ പോലും ഇല്ലാ ആ സൈറ്റില്‍. അല്ലെങ്കില്‍ ഞാന്‍ കണ്ടില്ല?? അല്ലെങ്കില്‍ അവിടെ എഴുതി ചോദിച്ചേനെ?? അതു പോലും അവര്‍ക്ക് വെക്കാന്‍ അറിയില്ലാ എന്ന് പറഞ്ഞാല്‍ ശരിക്കും ഞാന്‍ വിശ്വസിക്കില്ല!

ഇതൊക്കെ അവര്‍ അവരുടെ സൈറ്റില്‍ വെച്ചാല്‍ വിശ്വസ്യത കൂടുകയേയുള്ളൂ. അല്ലാതെ ചുമ്മാ എന്ത് ബ്ലോഗില്‍ വില്‍ക്കാന്‍ ഇട്ടാലും ഞാന്‍ കയറി വാങ്ങിക്കണൊ? ഇതൊക്കെ വളരെ ബേസിക്ക് കാര്യങ്ങളാണ്. ന്യായമായും ഞാന്‍ പൈസ മുടക്കുമ്പോള്‍ സംശയങ്ങള്‍ ഉണ്ടാവില്ലേ? ഇതിനെക്കുറിച്ച് താല്‍പ്പര്യം ഉള്ളത് കൊണ്ടാണല്ലൊ ഇത് ചോദിക്കുന്നത്? അല്ലെങ്കില്‍ എനിക്കെന്ത്?


ഓഫ്:
എന്ത് കാര്യമായിട്ട് ചോദിച്ചാലും മുനവെച്ച പരിഹാസം ഭയക്കണമല്ലൊ ഇവിടെ ഇപ്പോള്‍!!
തിരിച്ച് ഒന്നും കാര്യമാത്രപ്രസ്ക്തമായി പറ്യാന്‍ ഇല്ലാത്തപ്പോള്‍ പരിഹാസം മതിയല്ലൊ അല്ലേ?

എന്തായാലും ഞാന്‍ നിറുത്തി ഇവിടെ കമന്റിടല്‍!

എല്ലാരും പറയുന്ന പോലെ, ഇതിനു സര്‍വ്വ വിധ പിന്തുണകളും, ഭാവുകങ്ങളും! - അങ്ങിനെ ചുമ്മാ വഴിയേ ഒരു കമന്റിട്ടാല്‍ എല്ലാം തീരുമല്ലൊ!

asdfasdf asfdasdf said...

ദില്‍ബു, ഇതു താങ്ങാനുള്ള ശക്തി മോബ്ചാനല്‍ ഇപ്പോഴും കൈവരിച്ചോവെന്ന് സംശയം., ഡി.ഏച്.എല്ലിനോടോ മറ്റൊ കണ്‍സള്‍ട്ട് ചെയ്യുന്നത് നന്നായിരിക്കും. ഇത്രമാത്രം അഷ്ടചൂര്‍ണ്ണം ഏഴുകടലുകള്‍ കടത്തിക്കൊണ്ടുപോകുന്നതിനു ഡി.എച്.എല്ലിനെ പോലെയുള്ള സെറ്റപ്പിനേ കഴിയൂവെന്നാണെനിക്ക് തോന്നുന്നത്. ഡോമൈന്‍ രെജിസ്റ്റ്രാറുടെ പേരും അഡ്രസ്സും ഫോണ്‍നമ്പറും എല്ലാം whois നോക്കി കണ്ടുപിടിക്കാമെന്നിരിക്കെ ചിലരുടെ കമന്റുകളൊന്നും എനിക്കും ദഹിക്കുന്നില്ല.
( ദില്‍ബൂ നാട്ടില്‍ നിന്നും കൊണ്ടുവന്ന ഒരു സാഷേ എനിക്കും..:) )

Unknown said...

ഇഞ്ചിച്ചേച്ചീ,
മോബ് ചാനലിന്റെ വിശ്വാസ്യത, ഇന്റര്‍നെറ്റില്‍ നിന്ന് തിരിച്ച് പോക്ക്, ബ്ലോഗില്‍ നിന്ന് കാശ് ഉണ്ടാക്കാനുള്ള ശ്രമം എന്ന ആരോപണം, മറ്റ് മാധ്യമലോബികള്‍ ബ്ലോഗുകളുടെ വളര്‍ച്ചയെ മുതലെടുക്കാനുള്ള ശ്രമം എന്നൊക്കെ മിക്സ് ചെയ്ത് കാര്യം പറയുകയും ഒന്നിലൊന്നിലും ഉറച്ച് പറയാതെ വെറുതെ ഒരു നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാക്കുന്ന തരത്തില്‍ (മലയാളികള്‍ക്ക് ബുദ്ധിയുണ്ടെന്ന് എപ്പോഴും കൊട്ടിഘോഷിക്കപ്പെടാറുണ്ടെങ്കിലും മാഞ്ചിയം, തേക്ക്, ആട് വളര്‍ത്തല്‍, ഗള്‍ഫ് വിസ ഇവയിലൊക്കെ പെട്ട് കൈപൊള്ളിയതും നമ്മളൊക്കെ തന്നെ.
എന്ന രീതിയിലുള്ള കമന്റുകളെയാണ് ഉദ്ദേശിച്ചത്.

Anonymous said...

Inchi, You are the 'Boldest Blogger'...I really admire you....

അരവിന്ദ് :: aravind said...

എനിക്കൊരു കാര്യത്തിലെ സംശയമുള്ളൂ.

ഇന്റര്‍നെറ്റില്‍ ഫ്രീ ആയി കിട്ടുന്ന സാധനം അച്ചടിച്ച് പൈസക്ക് വില്‍‌ക്കുകയാണെങ്കില്‍ അതിന്റെ വരിക്കാര്‍ ഒരു തരത്തില്‍ ചൂഷണം ചെയ്യപ്പെടുകയല്ലേ?
പറയാം, അവര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്റെ കാശ് അല്ലേ ആകുന്നുള്ളൂ എന്ന്. പക്ഷേ ഇവിടെ ബ്ലോഗുന്നവരീല്‍ ഞാനടക്കം പലരും ഫ്ര്രീ ആയി കമ്പനി ചെലവിലാണ് ഇന്റര്‍നെറ്റ് ആക്സസ് ചെയ്യുന്നത്. ഫ്രീ ആയി ഉപയോഗിക്കാന്‍, ഫ്രീ ആയീ ഉത്പാദിക്കപ്പെടുന്ന ഒരു സാധനം അതിന്റെ പാക്കെജിംഗ് മാറ്റി വിലക്ക് വില്‍‌ക്കുന്നതില്‍ ഞാന്‍ ഒരു മോറല്‍ ഇഷ്യൂ കാണുന്നു. തികച്ചും വ്യക്തി പരം. എന്നാല്‍, ബ്ലോഗുകളെക്കുറിച്ച് ഒരവബോധം ഉണ്ടാക്കാന്‍ ഈ മാസിക ഫ്രീ ആയി പ്രചരിപിച്ചാല്‍ (വിത്ത് ലിങ്കുകള്‍) വളരെ നന്നായിരിക്കുമെന്ന് തോന്നുന്നു.പക്ഷേ അതിന്റെ സാമ്പത്തിക ബാധ്യത ആരേറ്റെടുക്കും!
വറുതേ കിട്ടുന്ന വെള്ളം കുപ്പിയിലാക്കിയാല്‍ പത്ത് രൂപാ കൊടുക്കണം..പക്ഷേ,വാങ്ങുന്നവര്‍ക്ക് അരുവിയില്പോയി കുടിക്കേണ്ട മെനക്കേട്ടില്ലല്ലോ അല്ലേ? എങ്കിലും അതിലൊരു പ്രശ്നണ്ട്..പ്രത്യ്യേകിച്ച് ഒരാളുടെ സാഹചര്യപരമായ ദൌര്‍ബല്യത്ത്തിനെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതീന്.

ഇന്റര്‍നെറ്റില്‍ ബ്ലോഗ് വായിക്കാന്‍ അവസരമുള്ളവര്‍ ഇതിന് വരിക്കാരാകുമോ? അതിന് സൌകര്യം കിട്ടുന്നവര്‍ ഇതിനെപ്പറ്റി അറിവ് ലഭിച്ചാല്‍ പിന്നെ മാസിക വായിക്കുമോ, ഇനി നാട്ടിലെ കൂ‍ൂലിപ്പണിക്കാരന്‍(ഇന്റര്‍നെറ്റ് അപ്രാപ്യമായവര്‍) 200 രൂപാ അടച്ച് വായിക്കേണ്ട മാറ്ററുകള്‍ ഇവടെ എഴുതപ്പെടൂന്നുവോ എന്നൊക്കെ ഞാന്‍ ചിന്തിക്കുന്നു.

ബ്ലോഗില്‍ ചിതറുന്ന പോസ്റ്റുകള്‍ ഒരുമിച്ചു വയ്കുന്നു എന്നത് ശരി തന്നെ. എങ്കിലും അത് ആരുടെ അഭിരുചിക്കനുസരിച്ചായിരിക്കുക്കും? പൈസ മുടക്കി വാങ്ങുന്നത് ഫ്രീ ആയി കിട്ടുന്നതിനേക്കാള്‍ വറൈറ്റിയും ക്വാളീറ്റിയും കുറവുള്ളതാണെന്ന് വരിക്കാര്‍ക്ക് തോന്നുമോ?

പറഞ്ഞു വന്നത് ആശയം തകര്‍പ്പന്‍..അത് ഒരു എന്റര്‍പ്രൈസ് ആക്കിയാല്‍ അതിന്റെ ആയുസും ലാഭവും എത്രത്തോളമായിരിക്കും എന്ന് എനിക്ക് ശങ്കയുണ്ട്.

എന്നിരുന്നാലും, ഈ നല്ല മനസ്സിന് ആശംസകള്‍, സഹായസഹകരണങ്ങള്‍. (മാസിക സബ്‌സ്ക്രിപ്‌ഷന്‍ ഒഴിച്ച്, ഇപ്പം ഇവടൊക്കെ ഇന്റര്‍നെറ്റ് നല്ല സ്പീഡാ)

Anonymous said...

santos...you are boldest blogger.....
i really admire you...

Anonymous said...

kuttan menon you are the boldest blogger........
i really admire you......

sandoz said...

dilban..you are the boldest blogger....i really admire you...

Anonymous said...

havoo ippo enthoru samadanam....

anony kaiyyinnu poyi....

Anonymous said...

dinkan ..you are the boldest blogger..
i really admire you...

Anonymous said...

ikkaas..u r the boldest blogger..i really admire you...
mathi ...ippo ith mathu...
boldestukalude stock thiirnnu...

chithrakaran ചിത്രകാരന്‍ said...

ബ്ലൊഗ്‌ (പ്രിന്റ്‌) മാസിക എന്ന ആശയത്തോട്‌ ചിത്രകാരന്‌ യോജിപ്പില്ലെങ്കിലും ക്രിയാത്മകമായി ബ്ലൊഗ്‌ മാസികയുടെ പണിപ്പുരയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ ഭാവുകങ്ങള്‍ !!

അഭയാര്‍ത്ഥി said...

ആദിത്യന്‍ പറയുമ്പോള്‍ പൊള്ളുന്നു.
ഇഞ്ചി പറയുംബോള്‍ ജിഞ്ചര്‍ കടിച്ചത്‌ പോലെ.

ന്യായമായ ഉത്തരം ആണ്‌ അവര്‍ അര്‍ഹിക്കുന്നത്‌.

പിന്തുണ പറയുകയും ചെയ്യുന്നു.

ആരുടേയെങ്കിലും താല്‍പര്യത്തിന്നായി ആണൊ ഈ സംരംഭം എന്നും അറിയാന്‍ ആഗ്രഹമുണ്ടാകും. ബ്ലോഗറെന്ന നിലയില്‍ അതവരുടെ ന്യായമായ
ചോദ്യം ഇത്‌ വായിക്കുമ്പോള്‍. അഡ്രസ്‌ പറ. മെയില്‍ അഡ്രസ്‌ പറ.ഈ ഗ്രൂപ്പിന്‌ പുറകിലെ സംഘാടകരാരെന്നറിയട്ടെ. ഇതൊരു പൊതു താല്‍പര്യ ഹര്‍ജിയായി കൂട്ടിക്കോളു.

അരവിന്ദന്‍ പറഞ്ഞതുപോലെ സബ്സ്ക്രിപ്ഷനൊഴികെ എന്ത്‌ സഹായവും ചെയ്യാം.

Dinkan-ഡിങ്കന്‍ said...

എന്തെരിത്? കൂട്ടത്തല്ലായാ? ടിയര്‍ ഗ്യാസ് കുറ്റി പൊട്ടിക്കണാ?

ആരാഡാ ഞാനാ ബെസ്റ്റ് ബ്ലോഗര്‍ എന്നൊക്കെ വിളിച്ച് കൂവണത്. കൂമ്പിടിച്ച് വാട്ടണോ?

ഡേയ്.. ബ്ലോഗ് ഡൈജസ്റ്റേ നിന്റെ അഡ്രസും , ഐഡിയും, മൊഫീല്‍ നമ്പറും ഒക്കെ കൊടഡേയ്.. അല്ലാതെ ആള്‍ക്കാരെ പറ്റിക്കണോ ? നിനക്കും ഇടി വേണോ?

നല്ലകാര്യം ആണെങ്കില്‍ കൂടെനില്‍ക്കണവരെ ആരും കാല് വാരരുത് പ്ലീസ്..

അപ്പോള്‍ ടിയര്‍ഗ്യാസ് ആയാല്‍ വിളിക്കുക. ഫില്‍ട്ടറ് കിട്ട്യ താമസം ഞാന്‍ എന്റെ സൂപ്പര്‍മാന്‍ കോസ്റ്റ്യ്യ്ം ഇട്ട് വരാം :)

മാവേലികേരളം(Maveli Keralam) said...

ആദിത്യന്‍

''ആരോ പറഞ്ഞ പോലെ എല്ലാവരും പ്രായപൂര്‍ത്തിയായവരും രക്ഷിതാക്കള്‍ ഉള്ളവരും ഒക്കെ ആണല്ലോ''

‘ആരോ‘ അല്ലല്ലോ ഞാനാണ് അതെഴുതിയത്. മറ്റൊരു ബ്ലോഗറെ കോട്ടു ചെയ്യുമ്പോള്‍ അവരുടെ പേരു (ബ്ലോഗു പേര്)കാണിയ്ക്കുക, ബ്ലോഗിലെ ഒരു മര്യാദയാണ് എന്നു ഞാന്‍ കരുതിയിരുന്നു.

ഇന്നളെ താങ്കളുടെ “ബ്ലോഗെന്ത്“ എന്ന പോസ്റ്റില്‍‍ ഞാന്‍ എഴുതിയ കമന്റിലെ ഭാഗമാണ് അത്. അധികനാളു മുന്‍പൊന്നുമല്ല.

ബ്ലോഗെന്താണെന്നോ എന്തല്ലെന്നോ ഒക്കെ താങ്കള്‍ നിര്‍വചിയ്ക്കുന്നതായി കേള്‍ക്കുന്നു.ബ്ലോഗിലെ സാമാന്യ മര്യാദ പോലും പാലിയ്ക്കന്‍ അറിയാത്ത താങ്കടെ എന്തോന്നു നിര്‍വചനം?

Mobchannel said...

പ്രിയമുള്ളവരേ,
ചര്‍ച്ച വളരെ ആശാവഹമായിത്തന്നെ പുരോഗമിക്കുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. ഏതു സംരംഭത്തിനും അതിന്റേതായ പോസിറ്റീവും നെഗറ്റീവുമായ വശങ്ങള്‍ ഉണ്ടാകും. അവ ചൂണ്ടിക്കാണിക്കപ്പെടുമ്പോള്‍ സംരംഭകനു തോന്നുക ആശ്വാസം തന്നെയാണ്. ഇക്കാര്യത്തിലും അതു തന്നെയാണു സംഭവിക്കുന്നത്. മറ്റൊരു കാര്യം വളരെ വ്യക്തമായി ഒന്നുകൂടി പറയട്ടെ,

വായനക്കാരന്‍ പണം മുടക്കുന്നത് മലയാളത്തില്‍ ബ്ലോഗെഴുതുന്നവരുടെ രചനകള്‍ മാത്രം പ്രസിദ്ധീകരിക്കാനുള്ള ഒരു മാസിക സ്വന്തമാക്കി വായിക്കുവാന്‍ വേണ്ടിയാണ്. അതുകൊണ്ട് തന്നെയാണ് ഈ സംരംഭത്തെപ്പറ്റിയുള്ള തുറന്ന ചര്‍ച്ച നടത്താന്‍ ഇങ്ങനെയൊരു ബ്ലോഗ് തുറന്നതും. ഈ പ്രസിദ്ധീകരണം വാങ്ങാന്‍ പണം കൊടുക്കുന്നുണ്ടെങ്കില്‍ അത് നിലവില്‍ ഇത്തരത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന മറ്റു പ്രസിദ്ധീകരണങ്ങള്‍ പോലെ തന്നെ ഇന്ത്യയില്‍ രെജിസ്റ്റര്‍ ചെയ്ത, വ്യക്തമായ ഉത്തരവാദിത്തമുള്ള ഒരു പബ്ലിഷിംഗ് കമ്പനിക്കാണ്. മോബ് ചാനല്‍ ഡോട്ട് കോം എന്ന ഇന്റര്‍നെറ്റ് സൈറ്റില്‍ക്കൂടി മുന്‍‌കൂര്‍ പണമടച്ച് വരിക്കാരാവുന്നവര്‍ക്ക് മാത്രമേ ആ സൈറ്റിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യെണ്ട കാര്യമുള്ളൂ. ഇന്നേവരെ അവര്‍ നടത്തിയിട്ടുള്ള ഈ കൊമേഴ്സ് ഒന്നും തന്നെ മുന്‍ കൂര്‍ പണം പറ്റിയുള്ളതായിരുന്നില്ല. ഓര്‍ഡര്‍ ചെയ്ത ഉല്പന്നം കയ്യില്‍ കിട്ടുമ്പോള്‍ മാത്രം ഉപഭോക്താവ് പണം കൊടുക്കേണ്ട വി.പി.പി സംവിധാനമാണ് അവര്‍ അവലംബിച്ചിരുന്നത്. മുന്‍‌കൂറായി പണം കൊടുത്ത് സേവനം കൈപ്പറ്റേണ്ടുന്ന രീതിയിലേക്ക് അവര്‍ മാറുന്ന അവസരത്തില്‍ മാന്യ ബ്ലോഗര്‍ ഇഞ്ചിപ്പെണ്ണ് ഉന്നയിച്ച രീതിയിലുള്ള വിവരങ്ങള്‍ അവര്‍ സൈറ്റില്‍ ഉള്‍പ്പെടുത്തുമെന്നറിയുന്നു.

മാസികയുടെ രെജിസ്ട്രേഷന്‍ നടപടികള്‍ നടന്നു വരുന്നു. ഇത് പൂര്‍ത്തിയാവുന്നതോടെ മാസിക, അതിന്റെ പ്രസാധകര്‍, പണമിടപാട് മുതലായവ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ എല്ലാ മാന്യ ബ്ലോഗര്‍മാര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ ഏറ്റവും സുതാര്യമായിത്തന്നെ ഈ ബ്ലോഗില്‍ വെളിപ്പെടുത്തിയ ശേഷം മാത്രമേ ഈ നല്ല സംരംഭവുമായി മുന്നോട്ടു പോകൂ എന്നറിയിക്കട്ടെ.

കുറുമാന്‍ said...

കൊട് കൈ മാഷെ, ഇതാണു സുതാര്യത എന്നു പറയുന്ന സാധനം. സാധനം കയ്യിലുണ്ടോ?

അടിവച്ചു നീങ്ങുന്ന പൈതലേ, നീ നിന്റെ
അടികള്‍ പതറാതെ സൂക്ഷിക്കണം,
എറുമ്പു, തേരട്ടകള്‍ ഇഴയൂന്ന മണ്ണാണ്,
നോവിക്ക വേണ്ട നാം ഒന്നിനേയും

Anonymous said...

Then the next question is...Which is that well established 'publishing company'?

Anonymous said...

ആരൊക്കെയാണ് ഈ ബ്ലോഗ് ഡൈജസ്റ്റ് ടീം?

ഇതില്‍ ആരൊക്കെ ഉണ്ട്? ഇതൊക്കെ അറിയാനുള്ള അവകാശം എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും ഉണ്ടെന്നു കരുതുന്നു.

മലയാളം ബ്ലോഗുകളില്‍ അവരുടെ സംഭാവന എന്തൊക്കയാണ്?

ദേവന്‍ said...

കമന്റില്‍ നില്‍ക്കാത്ത കാര്യം ആയതുകൊണ്ട് ദാ ദേവപഥത്തില്‍ ഒരു പോസ്റ്റാക്കി ബ്ലോഗ് മാസികയുടെ പ്രാഥമിക പഠന റിപ്പോര്‍ട്ട്

വാരിക/ മാസിക പ്രസിദ്ധീകരണങ്ങളില്‍ 75 % വും പരാജയപ്പെടുന്നത്ത് ശരിയായ പ്ലാനിങ്ങും പ്രോജക്റ്റ് സ്റ്റഡിയും ഇല്ലാതെ ആവേശത്തിനുമേല്‍ തുടങ്ങുന്നതാണെന്ന് പബ്ലിഷിങ് ഹൌസ് എന്നോ മറ്റോ ഒരു സൈറ്റില്‍ പണ്ടെന്നോ വായിച്ചിരുന്നു. തയ്യറെടുത്ത്, പഠനങ്ങള്‍ നടത്തി ബോദ്ധ്യപ്പെട്ട്, വിശ്വാസം വന്ന് മുന്നോട്ട് പോവുക.

Anonymous said...

ഈ ഗുണാളനെ നമ്മളറിയുന്ന അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റില്‍ തന്നെ അദ്ദേഹം പറഞ്ഞു, “എന്തു കൊണ്ടു നമുക്കൊരു കൂട്ടമായീ ബ്ലോഗുകള്‍ കൊമ്മേര്‍ഷ്യലൈസ്‌ ചെയ്തു കൂടേ. http://www.mobchannel.com അത്തരത്തിലുള്ള ഒരു സംരംഭം ആണു.“ എന്ന്. ( http://chintikkukachirikkuka.blogspot.com/2007/03/blog-post_04.html )

ഇതിനപ്പുറം ഈ വ്യക്തി തന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് പോലും എഴുതിയതായി കണ്ടിട്ടില്ല.
വിടരുന്നമൊട്ടുകള്‍ എന്നാല്‍ ഇവിടുത്തെ പ്രമുഖരൊക്കെ ഉള്ള ഒരു സംഘവും. ആ സംഘം അല്ല മാസിക കച്ചവടം നടത്താന്‍ പോകുന്നത്.

അവിടെയാണ് ഇതിന്റെ പിന്നിലുള്ള ടീമിനെ കുറിച്ച്. ഇതിന്റെ പിന്നിലെ ആ വലിയ തലയെകുറിച്ച് അതിന്റെ പ്ലാനുകളെ കുറിച്ച് ആശങ്ക. (പെട്ടന്ന് ഒരു ദിവസം ഈ ബ്ലോഗുകളുടെ നാഥന്‍ ഞാന്‍ എന്നും പറഞ്ഞുവന്ന ഒരു ബൂലോകനാഥന്‍ ഇപ്പോള്‍ എവിടെ? ആര്‍ക്കെങ്കിലും വല്ല പിടിയും ഉണ്ടോ?)

എവിടെയോ ഒരു ബിസിനസ്സ് മണക്കുന്നു.

Kumar Neelakandan © (Kumar NM) said...

ദേവ പഠനത്തിന്റെ കമന്റു വായിച്ചപ്പോള്‍ അതിനെ പിന്‍‌പറ്റി ഓണും ഓഫും ചേര്‍ത്തൊരു കമന്റ് അവിടെ എഴുതാന്‍ തോന്നി. അതുതന്നെ ഇവിടെയും പൂശുന്നു.

പ്രിന്റ് V/s ഓണ്‍ലൈന്‍ മതസരത്തില്‍ അഭിപ്രായം പറയാന്‍ താല്പര്യമില്ല. അതു തികച്ചും വ്യക്തിപരമായ അഭിപ്രായങ്ങള്‍ ആണ്. 1000 ബ്ലോഗര്‍മാര്‍ക്ക് 1500 അഭിപ്രായം ഉണ്ടാകും. അതുകൊണ്ട് അതില്‍ നിന്നൊരു അഭിപ്രായ ഏകീകരണം ഈ വിഷയത്തില്‍ 2000 പോസ്റ്റുകള്‍ ഇട്ടാ‍ലും ഇവിടെ ഉണ്ടാകാന്‍ പോകുന്നില്ല.

പിന്നെ വേണ്ടത് അങ്ങനെ ഒന്ന് ഇറക്കുകയാണെങ്കില്‍ അതിന്റെ സാ‍ാധ്യതകളും പ്രശ്നങ്ങളും. അതിനെ കുറിച്ച് അത്യാവശ്യം വേണ്ട ആറു സ്റ്റ്ടാറ്റജികളും ദേവന്‍ അവിടെ പ്രതിപാതിച്ച് വിശകലനംചെയ്തിട്ടുണ്ട്.
അതില്‍ മിനിമം ഏതെങ്കിലും 5 എണ്ണം ഇല്ലാതെ ഒരു പബ്ലിക്കേഷനു പ്രവര്‍ത്തിക്കാനാവില്ല.


ഇതില്‍ നിന്നും എനിക്ക് വ്യകതമാവുന്നത് രണ്ടു കാര്യങ്ങളാണ്,
ഒന്നുകില്‍ സാമ്പത്തിക ലക്ഷ്യം ഉള്ള ഒരു റെജിസ്റ്റേര്‍ഡ് കമ്പനി. അല്ലെങ്കില്‍ മലയാളം ബ്ലോഗുകളെ ജനമദ്ധ്യത്തില്‍ എത്തിക്കാവുന്ന/ഇന്റര്‍നെറ്റ് മലയാളത്തെ പരിപോഷിപ്പിക്കുന്ന ഒരു ട്രസ്റ്റ്.

ദേവന്‍ പറഞ്ഞതുപോലെ ബൂലോകം ഒരു സംഘടയയല്ല (ഈ വരികള്‍ക്ക് 100 മാര്‍ക്ക്) എന്നതുകൊണ്ടും / വളര്‍ന്നു വലുതാകുമ്പോള്‍ ഒരു കൂട്ടായ്മയില്‍ എപ്പോഴും ഉണ്ടാകുന്ന അഭിപ്രായ ഭിന്നതകളും വലിപ്പച്ചെറുപ്പങ്ങള്‍ ഉണ്ടാക്കുന്ന അസ്വസ്തതകളും വച്ചു നോക്കുമ്പോള്‍ ഒരു ട്രസ്റ്റ് പോലെ ഒരു ചിന്ത എവിടെയെക്കയോ ബ്രേക്ക് ചെയ്യുന്നു.

ഇനി മറുവശമായ ബിസിനസ്സ് ലക്ഷ്യം ആണെങ്കില്‍ (ഒരാളുടെയോ, അല്ലെങ്കില്‍ ഒരു കൂട്ടത്തിന്റേയോ) ദേവന്‍ ഇവിടെ പറഞ്ഞതുപോലെയുള്ള ഒരു പാട് എഴുതിവച്ചതും എഴുതി വയ്ക്കാത്തതുമായ നിബന്ധനകള്‍ പാലിക്കേണ്ടതായി വരും.
കൃതികള്‍ അയച്ചുതരുന്ന ഓരോ ബ്ലോഗറുടേയും അഭിപ്രായങ്ങള്‍ വിലകല്‍പ്പിച്ച് വിശകലനം ചെയ്തു എടുക്കുകയോ തള്ളുകയോ ചെയ്യാം.

ഇങ്ങനെ ഒരു പ്രിന്റ് എഡിഷന്‍ ഇറക്കും മുന്‍പു ഒരു തുറന്ന ചര്‍ച്ചയ്ക്ക് തയാറായ അതിന്റെ ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നു.

ഇങ്ങനെ ഒരു ചര്‍ച്ച ഇല്ലാതെ തന്നെ സ്വന്തം താല്പര്യങ്ങള്‍ വച്ച് എന്തു നീക്കം ഉണ്ടായാലും അതിനെ സപ്പോര്‍ട്ട് ചെയ്യുന്നവര്‍ ഒരുപാട് നമ്മുടെ ഇടയില്‍ ഉണ്ടെന്നു നമ്മള്‍ തന്നെ തിരിച്ചറിഞ്ഞതാണ്. (എനിക്ക് തോന്നിയിട്ടുണ്ട്, ബ്ലോഗര്‍മാരില്‍ ഭൂരിഭാഗവും പലപ്പോഴും സ്വന്തം അഭിപ്രായത്തെ മാറ്റി നിര്‍ത്തി എന്തിന്റെ പിന്നാലേയും ഒരു ജാഥപോലെ എപ്പോഴും യാത്രചെയ്യും. നമ്മളൊക്കെ ഉള്ളില്‍ ഇഷ്ടപ്പെടുന്ന കൂട്ടായ്മ എന്ന ചിന്തയാണ് അതിനൊക്കെ കാരണം. ബ്ലോഗുകൂട്ടായ്മ ഒരു വ്യക്തിപരമായ കൂട്ടായ്മയായി മാറുന്ന കാഴ്ചകളാണ് നമുക്കവിടെ കാണാന്‍ കഴിയുക. -ഒരു തരത്തില്‍ സുഖമുള്ള കാര്യമാണത് -)

പക്ഷെ ആ കൂട്ടായ്മ ജാഥയ്ക്ക് അതികം ആയുസ് ഉണ്ടാകില്ല. യാത്രയുടെ ഏതെങ്കിലും ഒരു തിരിവില്‍ ഒരു ചെറിയ മഴയില്‍ ആ ജാഥ കൂട്ടം തെറ്റും.
അതുകൊണ്ട് ഇങ്ങനെ ഒരു ചര്‍ച്ച വച്ചിട്ട് അതില്‍ ഉരുത്തിരിയുന്ന വിഷയങ്ങള്‍ വിലയ്ക്കെടുത്തിട്ട് മുന്നോട്ട് പോകുന്നത് നല്ലൊരു കാര്യം. ‘ദേവപഠനങ്ങള്‍’പോലെ ഒരുപാട് ചിന്തകള്‍ ഇനിയും വരാനിരിക്കുന്നു. പക്ഷെ അതിനെ ഒക്കെ അതിന്റെ വിലയോടുകൂടിതന്നെ മാസിക ടീം കാണും എന്നു കരുതുന്നു.
എങ്കില്‍ മാത്രമേ വിജയം നിങ്ങളുടെ പ്പമുണ്ടാകൂ. അല്ലെങ്കില്‍ വാശിപ്പുറത്ത് ഇറക്കിയ കുറച്ചു ലക്കങ്ങളില്‍ അതിന്റെ ആത്മാവിരുന്നു കുറുകും.

ആശംസകള്‍!

(ഒരു സംശയം, ഈ കമന്റ് ഇവിടെയാണോ അതോ ബ്ലോഗ് ഡയജസ്റ്റിലാണോ ഇടേണ്ടത്? കിടക്കട്ടെ രണ്ടു കളരിയിലും)

chithrakaran ചിത്രകാരന്‍ said...

ബ്ലൊഗിനെ സംബന്ധിച്ച്‌ പ്രിന്റ്‌ മീഡിയ എന്നത്‌ തികച്ചും അന്യമായ മറ്റൊരു സഹോധരന്റെ ബിസിനസ്സാണ്‌. അതിനു പുറകെ ബ്ലൊഗേര്‍സ്‌ നടക്കാതിരിക്കുക. ആവശ്യമെങ്കില്‍ പ്രിന്റ്‌ മീഡിയ ബ്ലൊഗ്‌ സൃഷ്ടികളുടെ (മാന്യമായ)പ്രസിദ്ധീകരണാവകാശത്തിനായി ബ്ലൊഗ്ഗെര്‍സിനെ വ്യക്തിപരമായി ബന്ധപ്പെട്ടുകൊള്ളും. അതിലേ അന്തസ്സുള്ളു. മൂല്യമുള്ളു.
ഇതിപ്പോള്‍ പ്രശസ്തി ആഗ്രഹിക്കുന്ന മനുഷ്യസഹജമായ ദൌര്‍ബല്യത്തെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയാകുമോ എന്ന് ചിത്രകാരന്‍ സന്ദേഹിക്കുന്നു.

ഗിരീഷ്‌ എ എസ്‌ said...

ഈ ആശയം എന്തുകൊണ്ടും നല്ലതുതന്നെ...എന്റെ എല്ലാവിധ പിന്തുണയും നല്‍കുന്നു....

Areekkodan | അരീക്കോടന്‍ said...

ഈ അഭിപ്രായങ്ങളെല്ലാം കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി.എനിക്ക്‌ മനസ്സില്‍ തോന്നിയത്‌ ഇവിടെ കുറിക്കട്ടെ.ഞാന്‍ ഇതിണ്റ്റെ വരിക്കാരനായിട്ടും, ഈ വിദഗ്ധ സമിതി എണ്റ്റെ ഒരു പോസ്റ്റ്‌ പോലും പ്രസിദ്ധീകരണത്തിന്‌ തെരഞ്ഞെടുത്തില്ലാ എങ്കില്‍ സ്വാഭാവികമായും എനിക്ക്‌ അമര്‍ഷം തോന്നും.അതിനാല്‍ ഓരോ മാസത്തേക്കുമുള്ള എഴുത്തുകാരെ ഈ സമിതിക്ക്‌ അഡ്വാന്‍സ്‌ ആയി പ്രഖ്യാപിച്ചാല്‍ എന്താ? അതില്‍ സൌകര്യമില്ലാത്തവര്‍ വിവരം നല്‍കുകയും ചെയ്യുക.അങ്ങിനെയാകുമ്പോള്‍ വിടരുന്ന മൊട്ടുകളിലെ മത്സരത്തിന്‌ സംഭവിച്ച ഗതി ഇതിന്‌ സംഭവിക്കില്ല.തണ്റ്റെ ഊഴം നേരത്തെ അറിയുന്ന ബ്ളോഗര്‍ക്ക്‌ നല്ല ഒരു സൃഷ്ടി തന്നെ നടത്താം, മാഗസിന്‌ ഒരു വര്‍ഷത്തേക്കുള്ള content-ഉം ആകും, ഞാന്‍ പരിഗണിക്കപ്പെട്ടു എന്ന്‌ എല്ലാവര്‍ക്കും സമാധാനവും ആകും.വായനക്കാര്‍ക്ക്‌ വ്യത്യസ്ത രുചികള്‍ അറിയുകയും ചെയ്യാം...

Anonymous said...

മോബ്‌ ചാനെലിനെക്കുറിച്ചു നിങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്നതൊക്കെ ദാ ഇവിടെ ഉണ്ടു
http://www.mobchannel.com/blogdigest/blogdigestflow.do?dispatch=help

സസ്നേഹം,
ഗുണാളന്‍